Sunday, 23 March 2025

ഭൂതവും ഭാവിയും - Dr U. Athira

 


വൈജ്ഞാനിക സാഹിത്യത്തിനുള്ള പ്രൊഫ് ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ച എഴുത്തുകാരി Dr Athira Uയുടെ രണ്ടാമത്തെ പുസ്തകം ആണ് ഭൂതവും ഭാവിയും. ഈ കാലത്തു എറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന  വിഷയമായ ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിനെ പറ്റി അതേ വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചു പ്രാവീണ്യമുള്ള, എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി കൂടെയായ, ആതിരയുടെ ആധികാരികമായ വിവരണമാണ് ഈ പുസ്തകം.

രണ്ടു ഭാഗങ്ങളായിട്ടാണ് ഈ ബുക്കിലെ ലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. A.I. യെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ കഥാരൂപേണ അവതരിപ്പിച്ചിരിക്കുന്ന ആദ്യഭാഗവും, അതിനെ പറ്റി വിശദമായി എന്നാൽ ലളിതമായി പറഞ്ഞു തരുന്ന രണ്ടാം ഭാഗവും. ഈ ബുക്കിന്റ്റെ പ്രധാനാകർഷണമായി എനിക്ക് തോന്നിയത് 2 ഘടകങ്ങളാണ്. ആദ്യത്തേത് ആതിരയുടെ അവതരണശൈലി.  ഒരേസമയം  ടെക്നിക്കൽ എക്സ്പെർട്ടും അതുപോലെ ക്രിയാത്മകത ഭംഗിയായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ളയാളാണെന്നും തെളിയിക്കുന്ന ഒരു രീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ആതിരയുടെ 'മഞ്ഞുരുകുമ്പോൾ' എന്ന പുസ്തകത്തിൽ നമ്മൾ ഇത് കണ്ടതാണെങ്കിലും ഈ ബുക്കിൽ ആ creativity അതിന്റ്റെ പാരമ്യത്തിൽ എത്തി നിൽക്കുന്നു എന്ന് വേണം കരുതാൻ.

കുപ്പിയിൽ നിന്ന് തുറന്നു വിട്ട ഒരു ഭൂതമായിട്ടാണ് ഇതിൽ ഉടനീളം A.I.യെ വിശേഷിപ്പിച്ചിരിക്കുന്നത്. ആ ഭൂതത്തിനെ കിട്ടിയതാണെങ്കിലോ നമ്മുടെ കൊച്ചുകേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ കഴിയുന്ന സാധാരണക്കാരൻ മത്തായിക്ക്. ആ ഭൂതത്തിനെ പഠിച്ചും പഠിപ്പിച്ചും, അതിൽ നിന്ന് കിട്ടുന്ന അറിവുപയോഗിച്ചു അതിനെ തന്നെ കൂടുതൽ മിടുക്കനും തനിക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഒരു  പണിക്കാരനാക്കി എടുക്കുന്നതുമാണ് കഥയുടെ ഗതി.

What I loved

ആദ്യ ഭാഗത്തു, എല്ലാ ലേഖനങ്ങളുടെയും തുടക്കത്തിൽ ഭൂതത്തിനെ പ്രതിപാദിക്കുന്ന ഒരു സംഭവമുണ്ടാവും - ഉദ്ദാഹരണത്തിനു ഭൂതം പെരുന്നാൾ സദ്യയ്ക്ക് വേണ്ട സാധനങ്ങളുടെ  ലിസ്റ്റ് തയ്യാറാക്കുന്ന കഥയും, മത്തായിയുടെ പ്രായമായ അമ്മച്ചിയുമായുള്ള രസകരമായ സംഭാഷണവുമെല്ലാം ഇതിൽ വിഷയങ്ങളായി വരുന്നു.ലേഖനങ്ങളുടെയെല്ലാം അവസാനഭാഗം ഇതിൻറ്റെ technical explanation ആണ്. ഈ അവസരത്തിലാണ് പായിച്ചോറിൻറ്റെ വിഭവങ്ങളുടെ കണക്കെടുപ്പും data cleansingഉം തമ്മിലുള്ള ബന്ധം  വായനക്കാർക്കു മനസിലാവുന്നത്.

ഈ രണ്ടു ഭാഗങ്ങളും വളരെ ലളിതമായി ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.അതിനുള്ള മികച്ച ഉദ്ദാഹരണം, അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന എന്റ്റെ മകനിൽ ഈ കഥകൾ ഉണ്ടാക്കിയ interest തന്നെയാണ്. വളരെ ശ്രദ്ധയോടെയാണ് അവൻ ഈ പുസ്തകം വായിച്ചത്, സ്വന്തം ഇഷ്ടപ്രകാരം വായിച്ചു, ചില സന്ദർഭങ്ങളിൽ വളരെയധികം ആസ്വദിക്കുകയും ചില ഫലിതങ്ങളിൽ പൊട്ടിച്ചിരിച്ചും അതോർത്തു പാലവുരി പറഞ്ഞു ചിരിച്ചതുമൊക്കെ യഥാർത്ഥത്തിൽ ആതിരയുടെ നേട്ടം തന്നെയാണ്. ഒരു വിഷയത്തിൽ അത്രത്തോളം ഗഹനമായ അറിവുള്ളൊരാൾക്കു മാത്രമേ ഇത്ര simple ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുകയുള്ളു.

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഈ ബുക്കിന്റ്റെ മറ്റൊരു സവിശേഷത ഇതിൻറ്റെ പുറംചട്ടയും ഉള്ളിലെ ചിത്രങ്ങളുമാണ്. ശ്രീ രാജേഷ് ചാലോട് വരച്ച ലാപ്ടോപ്പിൽ നിന്ന് പുറത്തിറങ്ങിയ ഭൂതം അഥവാ ജീനിയുടെ ചിത്രമുള്ള പുറംചട്ട കണ്ടാണ് എന്റ്റെ മകൻ ഈ പുസ്തകത്തിലേക്ക് ആകൃഷ്ടനാകുന്നത്. കൊച്ചുമിടുക്കി മാളവിക വരച്ച ഉള്ളില്ലേ ചിത്രങ്ങളും അങ്ങേയറ്റം മികവുറ്റതും കഥകൾക്ക് അനുയോജ്യവുമാണ്.

Conclusion

AI അഥവാ ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിനെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായഭേദമന്യേ ഈ പുസ്തകം ഒരു നല്ല തുടക്കമായിരിക്കുമെന്ന് തീർച്ച. Machine Learning, Natural Language Processing, Cloud Computing തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ കൈ എത്താത്ത എന്തോ ഒന്നാണെന്നനുള്ള ചിലരുടെയെങ്കിലും മനസ്സിലുണ്ടെങ്കിൽ ഈ പുസ്തകം അവർക്കൊരു നല്ല ചങ്ങാതിയാവുമെന്ന കാര്യത്തിൽ ഒരു സംശയുവുമില്ല. AI എന്ന ഭൂതവും അതിനെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ നമ്മുടെ ഭാവിയിൽ എന്തൊക്കെ മാറ്റം കൊണ്ടുവരാം എന്നറിയാനും ഈ പുസ്തകം ഒരു നല്ല റഫറൻസ് point ആണ്.

 

A Mussoorie mystery – Ruskin Bond

A collection of short stories from my all-time favorite Mr. Bond. This book holds stories of different authors and not just Ruskin Bond alon...