'ടോട്ടോച്ചാൻ - ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' 5ആം ക്ലാസ്സിൽ പഠിക്കുന്ന മകൻറ്റെ മലയാളം ടെക്സ്റ്റ് ബുക്കിൽ ഈ ബുക്കിലെ ഒരു ഭാഗം പാഠഭാഗമായി വന്നപ്പോൾ കൗതുകം തോന്നി, പിന്നീട് ഒരു ദിവസം ഓഫീസിലെ വായന ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മയിൽ ഇതേ പുസ്തകം ചർച്ചയ്ക്കു വന്നപ്പോൾ ഇത് ഒന്ന് വാങ്ങി വായിക്കാമെന്നെടുത്ത തീരുമാനം ഒരു മികച്ച തീരുമാനമായി എന്ന് ഉറപ്പിച്ചു പറയാം. UNICEF Goodwill Ambassador Tetsuko Kuroyanagi ജാപ്പനീസ് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് തർജ്ജമ മാറ്റി വെച്ച് ശ്രീ അൻവർ അലിയുടെ മലയാളം പരിഭാഷ വാങ്ങിയതും വളരെ നല്ല ഒരു തീരുമാനമായി.
ഏറെ കാലത്തിനു ശേഷം ഒരുപാടാസ്വദിച്ചു രസിച്ചു ഉള്ളു കൊണ്ട് ചിരിച്ചു വായിച്ച ഒരു പുസ്തകമായിരുന്നു ടോട്ടോ ചാൻ. എഴുത്തുകാരിയുടെ ഒരു ആത്മകഥയാണ് ഈ പുസ്തകം എന്ന് പ്രതിപാദിച്ചിരിക്കുന്നു. ടോക്കിയോയിലെ ഒരു സ്കൂളിൽ പഠിച്ചിരുന്ന
വികൃതിക്കാരിയായ ടോട്ടോ ചാനെ അവളുടെ കൃസൃതി കാരണം അവിടുന്ന് മാറ്റി ടോമോ എന്ന പള്ളിക്കൂടത്തിൽ
ചേർക്കുന്നതും ടോട്ടോയുടേം കൂട്ടുകാരുടെയും അവിടുത്തെ കഥകളുമാണ് ഇതിവൃത്തം.
ആദ്യ പേജ് മുതൽ പുസ്തകാന്ത്യം വരെ ഒരു പോലെ ആസ്വദിച്ച, പെട്ടന്ന് തീർന്നുപോകാതിരിക്കാൻ പതുക്കെ വായിക്കുകയും
എന്നാൽ ടോട്ടയുടെ അടുത്ത സാഹസം എന്താണെന്നറിയാൻ പേജ് മറിക്കാതിരിക്കാനും കഴിയാത്ത ഒരു
വായനാനുഭവമായിരുന്നു ഈ പുസ്തകം. ഇതിലേ ഓരോ കഥാപാത്രങ്ങളും എടുത്തെഴുതപെടാൻ വേണ്ടി ഉണ്ടെങ്കിലും
അതിനു ഞാൻ മുതിരുന്നില്ല.
പകരം ചിലരെ പ്രത്യേകം എടുത്ത് പറഞ്ഞു അവരിൽ നിന്ന് ഞാൻ എന്ത്
പഠിച്ചു എന്നെഴുതാനാണ് ഉദ്ദേശിക്കുന്നത്.
1. ടോട്ടോയുടെ അമ്മ - കൊച്ചു ടോട്ടോയെ
ആദ്യം പഠിച്ചിരുന്ന സ്കൂളിൽ നിന്ന് പുറത്താക്കി എന്നുള്ള വിവരം അവളിൽ നിന്ന് മറച്ചുവെച്ച്
കുറച്ചു കൂടി നല്ല സ്കൂളിൽ പോകാം എന്ന് പറഞ്ഞാണ് അമ്മ അവളെ റ്റോമോയിലേക്ക്
കൂട്ടികൊണ്ട് പോകുന്നത്. ഒരു അമ്മ എന്ന റോളിൽ മാത്രമല്ല ജീവിതത്തിലും ജോലിയിലും മേൽക്കോയ്മ
ഉള്ള അവസ്ഥയിൽ ഇത് പോലെ ചില കാര്യങ്ങൾ, അത് കേൾക്കാൻ ഇടയായാലുള്ള ആഘാതത്തെക്കാൾ മറ്റൊരു രീതിയിൽ അവതരിപ്പിച്ചാലുണ്ടാവുന്ന
ഗുണത്തിനെ കൂടെ വിലയിരുത്തി ചിന്തിച്ചൊരുപായം കണ്ടെത്താൻ ഈ സന്ദർഭം സഹായകമാകും.
2. ടോട്ടോയുടെ അച്ഛൻ - ഒരു സംഗീതോപകരണവിദ്വാൻ
ആയിരുന്ന അച്ഛന്റ്റെ സംഗീതത്തിനോടുള്ള ആത്മബന്ധം കൊച്ചു ടോട്ടോയ്‌ക്ക് ആ പ്രായത്തിൽ
മനസ്സില്ലായെങ്കിൽ അത് അദ്ദേഹത്തിൻറ്റെ അഭിനിവേശത്തിന്റ്റെ ആഴം എത്രത്തോളമുണ്ടെന്ന്
നമുക്ക് കാണിച്ചു തരുന്നു. മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കാനുള്ള കഴിവ് കുഞ്ഞുങ്ങൾക്കുണ്ട്,
അത് അവരുമായി പങ്കിടുവാൻ അച്ഛനമ്മമാർ സമയം കണ്ടെത്തിയാൽ മാത്രം മതി.
3. സോസാകു കൊബായാഷി - ടോമോ ഗ്വാകനിലെ
പ്രധാനാധ്യാപകൻ. കൊച്ചു ടോട്ടോയോടു "നീ സത്യമായും വളരേ നല്ല കുട്ടിയാണ്"
എന്നാണ് അദ്ദേഹം ആദ്യാവസാനം പറഞ്ഞത്. മികച്ച അധ്യാപകൻ, കഠിനാധ്വാനി,
തോറ്റു കൊടുക്കാത്തവൻ, നൂതന രീതികൾ പഠിച്ചു അത്
പ്രാവർത്തികമാക്കാൻ ധൈര്യമുള്ളവൻ, എന്നിങ്ങനെ മാസ്റ്ററുടെ അനേകം ഗുണഗണങ്ങൾ പറയാനാവുമെങ്കിലും,
അദ്ദേഹത്തിൻറ്റെ സഹജീവികളോട് പ്രത്യേകിച്ച് കുഞ്ഞുങ്ങളോടുള്ള സ്നേഹം,
കരുണ, ഇത് രണ്ടുമാണ് ഏറ്റവും ആകര്ഷണീയവും അനുകരണീയവും. ടോട്ടോയോടു
അദ്ദേഹം പറഞ്ഞ വാക്കുകൾ അതാണ് അവളേ അവൾ ആക്കിയത്. പടുകൂറ്റനെ വളർന്ന നമ്മളോട് നമുക്ക് തന്നെ സ്വയം ഇത്
പറയാവുന്നതാണ്. ഇത് കേൾക്കാൻ ആഗ്രഹിക്കുന്ന കുട്ടി ഇപ്പോഴും ഉള്ളിലുണ്ടാവും.
4.ടോമോ സ്കൂൾ - സ്കൂൾ ഒരു കഥാപാത്രമല്ലെങ്കിൽ കൂടി
അതിന്റ്റെ മുക്കും മൂലയും ചേർന്നാലേ ഈ കഥയ്ക്കു ജീവൻ വരികയുള്ളു. 2 മരങ്ങൾ വെച്ച് പിടിപ്പിച്ച കവാടം, ഉപയോഗശൂന്യമായ ട്രെയിൻ
കാറുകളിൽ തീർത്ത ക്ലാസ് മുറികൾ, എല്ലാ കുട്ടികൾക്കും ഒരൂ മരം
വീതം സ്വന്തമാക്കി എടുക്കാൻ മാത്രം പോന്ന വലിയ ഉദ്യാനവും, വിവസ്ത്രരായി
നീന്താൻ അനുവാദമുള്ള വിശാലമായ പൂൾ, ഓടി കളിക്കാനും, ഭൂതപ്രേതഭയം ഇല്ലാതാക്കാൻ കൊബായാഷി മാസ്റ്ററുടെ കൂടേ നിന്ന ക്ഷേത്രമുറ്റവും,
പുറമേയുള്ള വേലിയും സ്കൂൾ ഗാനവും, ചക്കയും ഉരുളക്കിഴങ്ങുമൊക്കെ
സമ്മാനമായി കൊടുക്കുന്ന സ്പോർട്സ് ഡേയും എല്ലാമുള്ള ടോട്ടയുടേം കൂട്ടുകാരുടെയും പ്രിയപ്പെട്ട
ടോമോ സ്കൂൾ. കുടുംബവുമായി സ്കൂളിൽ തന്നെ താമസിച്ചു പോന്ന കൊബായാഷി മാസ്റ്ററുടെ ഒരു
എക്സ്റ്റൻഷൻ തന്നെയാണ് ടോമോ സ്കൂൾ.
5 ടോട്ടോ ചാൻ - കൊച്ചു ടോട്ടോ, കഥാനായിക, ടോട്ടോയിൽ നിന്ന് പഠിക്കാൻ കാര്യങ്ങൾ ഏറെയുണ്ട് പക്ഷേ കൊബായാഷി മാസ്റ്ററുടെ
ശിഷ്യയായ അവളിലും മുൻപന്തിയിൽ നിന്നിരുന്നത് സ്നേഹവും കരുണയുമാണ്. അംഗവൈകല്യമുള്ള തകാഹാഷിയെ,
അവളുടെ മരത്തിന്റ്റെ തലപ്പത്തുനിന്നുള്ള കാഴ്‌ച കാണിക്കണമെന്ന ആഗ്രഹുവുമായി
മരത്തിൽ വലിഞ്ഞു കേറാൻ സഹായിച്ചത്, ഒരു എടുത്തുചാട്ടവും, ഓർക്കുമ്പോൾ
പേടി ജനിപ്പിക്കുന്ന ഒരു കാര്യമാണെങ്കിലും അതിൽ അവളുടെ നിഷ്കളങ്കതയും സ്നേഹവുമാണ് മുന്നിൽ
നിൽക്കുന്നത്. മറ്റൊരു സന്ദർഭം തന്റ്റെ വളർത്തുനായ റോക്കിയുമായി കളിക്കുന്നതിനിടയിൽ
അബദ്ധത്തിൽ അവന്റ്റെ പല്ലു കൊണ്ട് കൊച്ചു ടോട്ടോയുടെ ചെവി മുറിയുമ്പോൾ അതിന്റ്റെ വേദന
സഹിച്ചുകൊണ്ടും റോക്കിയെ ഒന്നും ചെയ്യല്ലേ അവനറിയാതെ പറ്റിയതാ എന്നാണ് അവൾ അച്ഛനോടും
അമ്മയോടും പറയുന്നത്. മുറിവ് മാറ്റി വീട്ടിൽ വന്നിട്ടുടനെ അവൾ റോക്കിയെ തേടിപ്പിടിച്ചു
ആശ്വസിപ്പിക്കുന്ന രംഗം മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.
What I Loved
ഈ പുസ്തകം മുഴുവനായി തന്നെ മനസ്സ് പിടിച്ചടക്കിയെങ്കിലും, പ്രത്യേകം പരാമർശം അർഹിക്കുന്ന ഒന്ന് രണ്ടു കുറിപ്പുകൾ ചുവടെ കൊടുക്കുന്നു
:
-
"സ്കൂളിൽ നിന്ന്
പുറത്താക്കി എന്നറിഞ്ഞതിൽ പരിഭ്രമിക്കാത്തവരില്ല. ടോട്ടോ ചാൻ അറിഞ്ഞിരുന്നില്ല അവളെ
പുറത്താക്കിയതാണെന്ന് അറിഞ്ഞാൽ പോലും അവൾ അതിൽ വ്യാകുലപ്പെടാൻ വഴിയില്ല കാരണം ചിരിച്ചും
കളിച്ചും കുസൃതികൾ കാട്ടി കുത്തി മറിഞ്ഞും നടക്കുന്ന പരിസരബോധം തീരെകുറഞ്ഞ ഒരു പെൺകുട്ടിയായിരുന്നു
അവൾ"
-
"പലപ്പോഴും നാം
ഭയക്കേണ്ടിരിക്കുന്നു" ദൃഡമായ ശബ്ദത്തിൽ മാസ്റ്റർ പറയും "കണ്ണുണ്ടെങ്കിലും
സൗന്ദര്യമുള്ളത് കാണുന്നില്ലെങ്കിൽ, കാതുണ്ടെങ്കിലും സംഗീതമെന്തെന്നറിയുന്നില്ലെങ്കിൽ,
മനസ്സുണ്ടെങ്കിലും സത്യത്തെ മനസ്സിലാക്കാനാവുന്നില്ലെങ്കിൽ, ഹൃദയമുണ്ടെങ്കിലും വേദനകളിൽ ഉരുകാതെ എന്നെന്നേക്കുമായി അത് കല്ലിച്ചുപോകുന്നുവെങ്കിൽ
നാം തീർച്ചയായും ഭയക്കേണ്ടതുണ്ട്"
ശ്രീ അൻവർ അലിയുടെ പരിഭാഷണമാണോ അതോ തെത്സുകോ കുറോനാഗിയുടെ ക്രിയാത്മയ്ക്കാനോ
കൂടുതൽ കയ്യടി എന്ന് പറയാൻ പ്രയാസമാണ്, പക്ഷെ ഒന്നുറപ്പിക്കാം ടോട്ടോ ചാന്റ്റെ കഥകൾക്ക്
ഇണങ്ങുന്ന, തീർത്തും ലളിതമായ, എന്നാൽ കുട്ടികളുടെ
ഭാഷയിലാണ് ഇതിൻറ്റെ മലയാളപരിഭാഷ രചിച്ചിരിക്കുന്നത്. ഈ പുസ്തകം എല്ലാ വീടുകളിലേക്കും
എത്തണം ഇതിലേ കഥകൾ എല്ലാ കുഞ്ഞുങ്ങളിലേക്കും എത്തണം.