ഈ ബുക്കിൻറ്റെ ധർമം മലയാള
കൃതികളിലെ മായാജാലം കണ്ടു പിടിച്ചു അതിനെ പറ്റി സംസാരിക്കുക എന്നതാണ്, ആ കർത്തവ്യം അസാമാന്യ സൗന്ദര്യത്തോടെയാണ്
കഥാകൃത്ത് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരോ അധ്യായത്തിലും , ആദ്യഭാഗം ആ കഥയുടെ ഒരു രത്നച്ചുരുക്കം
(ചിലയിടത് കഥയുടെ ചില പ്രസക്ത ഭാഗങ്ങൾ തന്നെ അതേ പടി എടുത്തു പറയുന്നുമുണ്ട്),
മധ്യഭാഗത്തായി ആ കഥയ്ക്ക് മായാജാലത്തിനോടുള്ള
അവലംബവും, അവസാനഭാഗത്തിൽ ഒരു മനോഹര
അവലോകനവുമായാണ് തരം തിരിച്ചിരിക്കുന്നത്.
എഴുത്തിലെ ഭംഗിയും,
കാര്യങ്ങൾ ചുരുക്കത്തിൽ, വെടിപ്പോടെ ഉള്ള അവതരണവും ഈ 50 അധ്യായങ്ങളിലും നമുക്ക് ഒരു പോലെ കാണാൻ സാധിക്കും.
അതിലേക്ക് കടക്കുന്നതിനു മുമ്പേ എടുത്തു പറയേണ്ട ഒരു കാര്യം selection of
stories ആണ്. മലയാത്തിലെ വേറിട്ടു
നിൽക്കുന്ന, പ്രത്യക്ഷത്തിലോ അല്ലാതെയോ മായാജാലത്തെ കൂട്ടുപിടിക്കുന്ന,
അതിലുമുപരിയായ് സമൂഹത്തിനോട് എന്തെങ്കിലുമൊക്കെ
പറയാൻ ബാക്കി വെച്ച ഒരു പറ്റം കഥകൾ. ഈ ഒരു selection processഇന് തന്നെ കൊടുക്കണം ആദ്യത്തെ കയ്യടി.
അങ്ങനെയുള്ള കഥകൾ തിരഞ്ഞു
കണ്ടുപിടിച്ചു്, അവയിലെ
സന്ദർഭങ്ങളെ സൂക്ഷ്മമായി പരിശോധിച്ച്, അതിലുള്ള ഇന്ദ്രജാലത്തെ മാത്രമല്ല, അതിൽ നിന്നുരുത്തിരിയുന്ന സന്ദേശവും വളരെ വ്യകതതയിൽ
അവതരിപ്പിച്ചിരിക്കുന്നതായി കാണുവാൻ സാധിക്കും. ഓരോ അദ്ധ്യായം കഴിയുമ്പോഴും
"ഇതായിരുന്നു "The best'" എന്ന തോന്നൽ ഉണ്ടാക്കുകയും, ബുക്ക്
അവസാനിക്കുമ്പോൾ തീർന്നുപോയതിൽ നിരാശ തോന്നിപ്പിക്കുകയും ചെയ്യുന്നത് ഇതൊക്കെ
കൊണ്ട് തന്നെയാണ്.
ഈ ബുക്കിൽ ആവർത്തിച്ചു
പറഞ്ഞിരിക്കുന്ന എന്നേ ഒരുപാട് ആകർഷിച്ച ഒന്നുണ്ട് - "അറിവിൻറ്റെ അഭാവമാണ് അദ്‌ഭുതത്തിനാധാരം.
അറിവിൻറ്റെ സാനിധ്യത്തിൽ ഒരിക്കലും അദ്‌ഭുതം ഉണ്ടാവുകയില്ല. അറിയാത്ത ഒരു കാര്യം
അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ് അദ്‌ഭുതം, അറിഞ്ഞു കഴിഞ്ഞാൽ
പിന്നെ അദ്‌ഭുതത്തിനു പ്രസക്തിയില്ല". വായനക്കാരേ ഓരോ കഥയുടെയും ഉൾവഴികളിലൂടെ
ദീർഘമായി നടത്തിച്ചു അതിൻറ്റെ തന്തുവിനെ പറ്റി ആഴത്തിൽ ചിന്തിപ്പിക്കുന്ന, മേൽ പറഞ്ഞതു പോലുള്ള ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്
ഈ പുസ്തകത്തിൽ.
ഇത് പോലേ മറ്റൊന്നാണ്
"ഉറപ്പുള്ള കാര്യമാണെങ്കിലും പ്രതീക്ഷകൾക്ക് അവസരം നൽകാതെ തികച്ചും
അപ്രതീക്ഷിതമായി കടന്നു വരുന്ന ഒന്നാണ് മരണം. ഇത് മുന്നിൽ കണ്ടുകൊണ്ടാകണം നമ്മുടെ
ഓരോ പ്രവർത്തനവും. രസത്തിലായാലും ഗൗരവത്തിലായാലും നാം ചെയ്യുന്ന പ്രവർത്തി
പൂർത്തീകരിക്കേണ്ട ചുമതല നമുക്കുള്ളതാണെന്ന സന്ദേശം കൂടി ഇവിടെ കാണുവാനാകും"
- കൽപ്പറ്റ നായരായണൻറ്റെ മാന്ത്രികൻ എന്ന കഥയെ പറ്റിയുള്ള അധ്യായത്തിലാണ്
എഴുത്തുകാരൻ ഈ പരാമർശം നടത്തിയിരിക്കുന്നത്. ബുക്ക് അടച്ചു വെച്ച് ആ നിമിഷം തന്നെ
നമ്മെ ഇരുത്തി ചിന്തിപ്പിക്കാൻ തോന്നും വിധം കരുത്തുറ്റതാണെന്ന് ഞാൻ കരുതുന്നു ഇത്
പോലുള്ള വാചകങ്ങൾ.
അവിടിവിടെയുള്ള ചെറിയ
അക്ഷരപിഴകളൊഴിച്ചാൽ ഈ ബുക്കിൽ പറയത്തക്ക വേറെ ഒരു പിഴവും കണ്ടില്ല.
ഇതിലേ കഥകൾ എഴുതിയതിൽ
എഴുത്തിൻറ്റെ കുലപതികളായ ബഷീറും തകഴി ശിവശങ്കരപിള്ളയും തുടങ്ങി, താരതമ്യേന പുത്തൻ എഴുത്തുകാരിൽ ചിലരും, മാജിക്കിൻറ്റെ മറ്റൊരു വാക്കായി മാറിയ ശ്രീ
ഗോപിനാഥ് മുതുകാട് സാറും, അങ്ങനെ ഒരുപാട്
പ്രഗത്ഭർ ഉൾപ്പെടും. മലയാള സാഹിത്യമിഷ്ട്ടപ്പെടുന്നവർ, ഇന്ദ്രജാലം
ഇഷ്ട്ടപ്പെടുന്നവർ, നിരൂപണസാഹിത്യം
ആസ്വദിക്കുന്നവർ, പാട്ടുകളിലെ
വരികളെ പ്രണയിക്കുന്നവർ, നല്ല കഥയെ
സ്നേഹിക്കുന്നവർ, അങ്ങനെ ഈ
ബുക്കിനു ഇണങ്ങുന്ന ആസ്വാദകർ നിരവധിയാണ്.
ഓരോ കഥകളും ഓരോ വിഷയത്തെ
ആസ്പദമാക്കിയവയാണെങ്കിലും, അതിലെല്ലാമുള്ള
ഇന്ദ്രജാല സ്വഭാവത്തെ തുറന്നു കാട്ടുകയാണ് ഇവിടെ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.
പല നിറത്തിലും വർണത്തിലുമുള്ള ഭംഗിയുള്ള പൂക്കൾ,
അവ കോർത്തൊരു
മാലയുണ്ടാക്കിയാൽ, അത് ചിലപ്പോൾ ഒരു
അഭംഗിയായേക്കും, എന്നാൽ
മായാജാലമെന്ന മന്ത്രച്ചരടിൽ കോർത്ത് അടുക്കി കെട്ടി വെച്ചപ്പോൾ, എല്ലാ നിറവും ഇഴകി ചേർന്ന് കണ്ണിനു
കുളിർമയേകുന്ന ഒരു പുത്തൻ നിറത്തിലുള്ള ഹാരമാണ് ശ്രീ ചന്ദ്രസേനൻ മിതൃമ്മല ഈ താളുകളിലൂടെ
തീർത്തിരിക്കുന്നത്. ഇതുമൊരു മായാജാലമല്ലെങ്കിൽ പിന്നെ മറ്റെന്താണ്.

No comments:
Post a Comment