യാത്ര
എന്നും ഇഷ്ടമാണ് പക്ഷെ യാത്രാവിവരണവും കുറിപ്പുകളും എന്തുകൊണ്ടോ എൻറ്റെ വായനാ വഴിയിൽ ഇടംപിടിച്ചിരുന്നില്ല. വളരേ കാലം മുൻപ്
ഒന്ന് രണ്ടു പുസ്തകങ്ങൾ വായിക്കുവാനുള്ള ശ്രമം പാതിവഴിക്ക് ഉപേക്ഷിച്ചത് മാത്രമാണ് 'ട്രാവലോഗ്' വായനയിൽ എൻറ്റെ എക്സ്പീരിയൻസ്. ഈ ഇടയ്ക്ക് മാതൃഭൂമി
യാത്ര മാഗസിനിൽ എൻറ്റെ സഹോദരന്റ്റെ പഴയ സഹപ്രവർത്തകനും സുഹൃത്തുമായ,
ചേട്ടൻ സ്നേഹത്തോടെ സിജു ചേട്ടൻ എന്ന്
വിളിക്കുന്ന കെ ജെ സിജു എഴുതിയ
ഒരു ലേഖനം വായിച്ചപ്പോഴാണ് , യാത്രാവിവരണം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
എന്ന സത്യം എനിക്ക് തന്നെ മനസ്സിലായത്.
ഏകദേശം അതേ
സമയത്താണ് അവിചാരിതമായി സിജു എഴുതിയ "യാത്രാനന്തരം മനസിജം എന്ന പുസ്തകത്തെ പറ്റി
അറിയുന്നതും വാങ്ങുന്നതും. വായിച്ചു മുഴുമിപ്പിക്കും എന്നൊരുറപ്പുമില്ലാതെ ആണ് ബുക്ക്
തുറന്നത് , പക്ഷെ ഓരോ അധ്യായം കഴിയുന്തോറും സിജുവിലെ യാത്രാപ്രണയം അല്പമായി ഇങ്ങോട്ടേക്ക്
കൂടി ഒഴുകിയെത്തിയത് പോലെ, അടുത്ത യാത്രയെ പറ്റി വായിക്കാനും അറിയാനും ഉത്സാഹം തരുകയും
ചെയ്യുന്ന ഒരു അവസ്ഥയായിരുന്നു.
യാത്രാപ്രേമികൾക്കും
യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർക്കും കണ്ണുമടച്ചു recommend ചെയ്യാൻ കഴിയുന്ന ഒരു പുസ്തകമാണിത്.
കൊച്ചു കേരളവും ഇന്ത്യയും ഒന്നും അത്രയ്ക്ക് കൊച്ചല്ല, കാണാനും അറിയാനും ഒരുപാടുണ്ടെന്ന്
ഒരു ഓർമ്മപ്പെടുത്തൽ, അതാണ് യാത്രാനന്തരം മനസിജം.
What I Liked
-
ചില
ഇടങ്ങളിൽ വാക്കുകൾ കൊണ്ട് ശരിക്കും ഒരു ക്യാൻവാസ് തീർത്തിട്ടുണ്ട്
ഇദ്ദേഹം. സിജു ഒരു നല്ല
ഫോട്ടോഗ്രാഫർ ആയതു കൂടി കൊണ്ടാകാം സ്ഥലവിവരണങ്ങൾക്കു അസാധ്യ ഭംഗിയാണ്. അവിടേ പോയി വന്ന ഒരു
സുഖമാണ് വായനക്കാർക്ക്. എന്നേ ഒരുപാട് ആകർഷിച്ച 2 സന്ദർഭങ്ങൾ
പറയാം:
1.
നീലകണ്ഠ പർവ്വതദർശനം - സൂര്യനുദിക്കുന്നതിനു
മുൻപ് മുകളിലെത്തണം. ഉദയസൂര്യൻറ്റെ സ്വർണ്ണരശ്മികൾ പർവ്വതത്തിൽ പതിയുന്നത് കാണണം.വെള്ള ശിഖരങ്ങൾ സ്വർണ്ണവർണ്ണം ചൂടുന്നതും സ്വർണ്ണം മുക്കിയൊഴിച്ചതു പോലേ അത് താഴോട്ട്
പടരുന്നതും, പിന്നെ ഉദിച്ചുയർന്ന സൂര്യനു മുൻപിൽ ഒന്നുമറിയാത്ത പോലേ വീണ്ടും ശുഭ്രവർണ്ണം
ചൂടുകയും, പിന്നെ വെളുത്ത മൂടൽമഞ്ഞു കൊണ്ട് കാഴ്ചയിൽ നിന്നും
മറഞ്ഞു ഉറങ്ങുകയും ചെയ്യുന്നത് കാണണം.
2.
നിളയുടെ
മാറിൽ സന്ധ്യയാദർശനം - മടക്കയാത്രയ്ക്ക് മുൻപ് നിളയോട് യാത്ര പറയണം. ഒരു പകലുമുഴുവൻ ഒപ്പമുണ്ടായിരുന്ന
സൂര്യനും യാത്ര പറയാൻ ഒരുങ്ങുന്നു. അസ്തമയസൂര്യൻറ്റെ പോക്കുവെയിലറ്റു ഞങ്ങൾ നിളയുടെ മാറിൽ മാനം നോക്കി കിടന്നു.
അന്തിചുവപ്പിൽ നിളയുടെ കവിളുകളും അരുണിമയാർന്നു.പക്ഷികൾ കൂട്ടത്തോടെ പറന്നു പോയിക്കൊണ്ടിരുന്നു.
-
ആദ്യം
പറഞ്ഞത് പോലെ സിജുവിലെ യാത്രസ്നേഹം
അത് എഴുത്തിലുടനീളം വായനക്കാർക്കും അനുഭിവിച്ചറിയാൻ കഴിയും. അദ്ദേഹത്തിൻറ്റെ ഈ ഇഷ്ടം പ്രതിപാദിക്കുന്ന ചില
വരികൾ താഴെ കൊടുക്കുന്നു. അദ്ദേഹം
ഒരസ്സൽ സിനിമാപ്രേമികൂടെയാണ്, അതുകൊണ്ടു തന്നെ, ഈ വരികളിലൊക്കെ ഒരു സിനിമാ സ്റ്റൈൽ വന്നതിലും അദ്ഭുതമില്ല. :
1.
സാരാനാഥ്,
വാരണാസി - മടക്കത്തിലെവിടെയോ നൂറ്റാണ്ടുകൾ മുൻപത്തെ ശരണം വിളികൾ മുഴങ്ങുന്നുണ്ടായിരുന്നുവോ മനസ്സിൽ? അർഥം തേടിയിറങ്ങിയ ജീവിതം
കൊണ്ട് സത്യം കണ്ടെത്തിയവന് വേണ്ടി മുഴങ്ങിയ ശരണം വിളികൾ. ആശകൾ
ഇനിയും ബാക്കിയാവുന്നത് കൊണ്ട് നിരാശനാവുന്ന ഒരു സാധാരണ സഞ്ചാരിയുടെ
മനസ്സിൽ ബോധോദയം എത്ര യാത്രകൾ അകലെയാണ്....തേടുന്ന ബോധിവൃക്ഷച്ചുവടും.....
2.
രാത്രീ
കൊട്ടത്തലച്ചി മലയിൽ സന്ദർശകരൊന്നും പോകാറില്ലല്ലോന്ന് അദ്ഭുതം കൂറിയ
നാട്ടുകാരൻ - പോകാത്തയിടങ്ങളിലേക്കുള്ള ഉൾവിളികളാണല്ലോ ഒരു യാത്രികന്റ്റെ ഊർജ്ജം
എന്നയാളോട് പറഞ്ഞില്ല.
3.
യാത്ര,
അനുഭവം ഇനിയും ബാക്കിയാവുന്നു. ഹിമാലയം അങ്ങനെയാണത്രെ വന്നവരെ വീണ്ടും വീണ്ടും അത് വിളിച്ചുകൊണ്ടിരിക്കും. മോഹിപ്പിക്കുന്ന പ്രകൃതിയിലേക്ക്,
മഞ്ഞിലേക്ക്, തുള്ളിച്ചാടുന്ന നദിയുടെ ആരവങ്ങളിലേക്ക്...നിലാവുറയുന്ന ഹിമപരപ്പുകളിലേക്ക്.
4.
ബീഹാർ
- ചരിത്രത്തിൽ
മുന്നോട്ട് നടന്ന ഒരു പ്രദേശം, ഇടയ്ക്കെപ്പോഴോ
ഉറങ്ങിപോവുകയും പിന്നീട് ഉണരാനാവാതെ വർത്തമാനത്തിൽ പിറകോട്ടാവുകയും ചെയ്തതിന് ചാണക്യനിൽ നിന്ന് ലല്ലു പ്രസാദിലേക്കുള്ള ദൂരം എന്ന് വിളിക്കാം.
-
ഈ
ബുക്കിന്റ്റെ മറ്റൊരു സവിശേഷത, ഇതിലൂടെ എനിക്ക് കിട്ടിയ കുറേ പുത്തൻ അറിവുകളാണ്.
ഉദ്ദാഹരണത്തിന്, മഹാരാഷ്ട്രയ്ക്കടുത്തു ലോകോത്തര അദ്ഭുതമായ ഒരു
meteor crater (ലോണാർ
crater) ഉണ്ടെന്നുള്ളതും,
ബദ്രിനാഥിലെ പ്രതിഷ്ഠ ശ്രീ ശങ്കരാചാര്യർ
സ്ഥാപിച്ചതാണെന്നും, ഗ്ലോബൽ വാർമിംഗ് എന്ന വാക്കു കേൾക്കുക
പോലും ചെയ്യാതെ, ആസ്സാമിൽ, ഒരു കാട് തന്നെ
വളർത്തിയ "ജാവേദ് പയെങ്" എന്ന ഇന്ത്യയുടെ "forest man"ഉമായുള്ള കൂടിക്കാഴ്ചയുടെ കുറിപ്പുമെല്ലാം വളരെയധികം രസകരമായ വായനാ
അനുഭവമായിരുന്നു.
What I did not like
·
പുസ്തകത്തിൽ
ഉടനീളം മനോഹരമായ ചിത്രങ്ങളുണ്ട്, എന്നാൽ അതൊന്നും ലേബൽ ചെയ്യാതിരുന്നത് പലപ്പോഴും
നിരാശപ്പെടുത്തി.
·
മറ്റൊരു
suggestion തോന്നിയത് എല്ലാ യാത്രകൾക്കും ഒരു ടൈംലൈൻ കൊടുക്കാമായിരുന്നു
എന്നുള്ളതാണ്, യാത്ര പോയ വർഷം, ചിലതൊക്കെ
covidഇന് ശേഷമാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മിക്കതിലും relate ചെയ്യാൻ ഒരു തീയതി ഇല്ലാത്തത്
ഒരു കുറവായി തോന്നി.
·
ഇടയിൽ
ചില ഭാഗത്തൊക്കെ സാഹിത്യത്തിന്റ്റെ അതിപ്രസരം കാണുന്നുണ്ട്, പഴയ കാല കുറിപ്പുകളാണെന്ന്
വേണം കരുതാൻ.
സിജു
ഈ ബുക്കിൽ ഇടയ്ക്കിടയ്ക്ക് പരാമർശിക്കുന്ന പോലെ - ഓരോ യാത്രയും ഓരോ
അനുഭവമാണെന്ന്, ഓരോ യാത്രയ്ക്കും ഓരോ
കഥയുണ്ട്. സിജുവിലെ കഥാകാരനും, ഫോട്ടോഗ്രാഫറും, യാത്രാകുക്ഷിയും, പ്രകൃതിസ്നേഹിയും, പ്രണയവും ഒന്നിച്ചപ്പോൾ രൂപപ്പെട്ട ഒരു
മികച്ച കൃതി ആണ് ഈ
പുസ്തകം. സിജുവിനോട് ഒരപേക്ഷ മാത്രം - യാത്രകൾ തുടരുക, അതിനിയും പങ്കുവെക്കുക.

No comments:
Post a Comment